പിസി ജോർജ്ജിൻ്റെ ജാമ്യം റദ്ദാക്കാൻ നീക്കവുമായി പരാതിക്കാരി

പി.സി.ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. ഈ കേസിൽ പൊലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താൻ നിയമപരമായി നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു. കൊച്ചിയിൽ അഭിഭാഷകൻ ബിഎ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരാതിക്കാരി.

ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ താനും പിസി ജോർജ്ജും തമ്മിൽ സംസാരിച്ചത് തന്നെയാണ്. പിസി ജോർജിൻ്റെ ശാരീരിക ഉപദ്രവം തടയാൻ താൻ ശ്രമിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ചികിത്സയിൽ ആയിരുന്നത് കൊണ്ടാണ് പി.സി.ജോർജിനെതിരെ പരാതി നൽകാൻ വൈകിയത്. രണ്ടാഴ്ച മുൻപ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണ്. സ്ത്രീയെന്ന നിലയിൽ അപമാനിച്ചത് മറച്ചു വയ്ക്കുകയാണ് ഇവിടെ. തന്നെ മോശക്കാരിയെന്ന് വരുത്തി തീർത്താലും പറയാനുള്ളത് പറയുമെന്നും അവർ പറഞ്ഞു.

Top