ജീപ്പിന്റെ കോമ്പസ് പതിപ്പിന് കമാന്‍ഡര്‍ എന്ന പേരു നല്‍കും

അമേരിക്കന്‍ എസ്‌യുവി ബ്രാന്‍ഡാണ് ജീപ്പ്. 2016 ലാണ് ജീപ്പ് ഇന്ത്യയില്‍ കാലുറപ്പിക്കുന്നത്. ഇപ്പോള്‍ റാന്‍ഗ്ലര്‍, കോമ്പസ് എന്നീ മോഡലുകളാണ് ജീപ്പ് ഇന്ത്യയില്‍ വില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു പുത്തന്‍ 7 സീറ്റര്‍ എസ്‌യുവി ജീപ്പ് തയ്യാറാക്കുന്നുണ്ട്. കമാന്‍ഡര്‍ എന്നാകും ഇതിന്റെ പേരെന്ന് കമ്പനി അടുത്തിടെ പുറത്ത് വിട്ട ടീസര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ജീപ്പിന് ഈ എസ്‌യുവിക്ക് കമാന്‍ഡര്‍ എന്ന പേര് ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. അടുത്ത കാലം വരെ മഹീന്ദ്രയുടെ എംഎം 540 ജീപ്പിന്റെ പേരായിരുന്നു കമാന്‍ഡര്‍. ബ്രസീലിയന്‍ മാര്‍ക്കറ്റിലാവും ജീപ്പ് കമാന്‍ഡറിന്റെ അരങ്ങേറ്റം.

പരിഷ്‌കരിച്ച ഗ്രില്‍, ഹെഡ്‌ലാംപ്, ടെയില്‍ ലാംപ്, മുന്‍ പിന്‍ ബമ്പറുകള്‍ എന്നിങ്ങനെ പുത്തന്‍ കോമ്പസ്സിലെ മാറ്റങ്ങള്‍ കമാന്‍ഡറിലുമുണ്ടാവും. സിപില്ലര്‍ വരെ പുത്തന്‍ കോമ്പസും കമാന്‍ഡറും ഏറെക്കുറെ സമാനം ആയിരിക്കും. അതെ സമയം പിന്‍ ഭാഗത്തിന്റെ ഡിസൈന്‍ ഇരു മോഡലുകള്‍ക്കും വ്യത്യസ്തമായിരിക്കും. 3 നിര സീറ്റുകള്‍, പരിഷ്‌കരിച്ച അപ്‌ഹോള്‍സ്റ്ററി, പുത്തന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പാനരോമിക് സണ്‍റൂഫ് എന്നിവ കമാന്‍ഡറിന്റെ ഇന്റീരിയറില്‍ ഇടം പിടിക്കും.

ടാറ്റ സഫാരി, എംജി ഹെക്ടറിന്റെ വല്യേട്ടന്‍ ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായ് ഉടന്‍ വില്പനക്കെത്തിക്കുന്ന ആല്‍കസര്‍ എന്നീ മോഡലുകളോടാണ് ജീപ്പ് കമാന്‍ഡര്‍ മത്സരിക്കുക. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വില്പനക്കെത്തിയ 2021 കോമ്പസ് മോഡലിനോട് സമാനമായിരിക്കും കമാന്‍ഡര്‍ എന്നാണ് പുതിയ വിവരം. ഇന്ത്യയടക്കമുള്ള റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളിലേക്കുള്ള കമാന്‍ഡറിന്റെ നിര്‍മ്മാണം പുണെക്കെടുത്ത രഞ്ജന്‍ഗാവ് പ്ലാന്റിലാണ് നടക്കുക.

Top