ഹ്യൂണ്ടായി ഗ്രാന്റ് ഐ10 ന്റെ ഡീസല്‍ പതിപ്പ് കമ്പനി പിന്‍വലിക്കാനൊരുങ്ങുന്നു…

ഹ്യൂണ്ടായിയുടെ ഹാച്ച്ബാക്ക് വാഹനമായ ഗ്രാന്റ് ഐ10 ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങി കമ്പനി. നിയോസ് ഗ്രാന്‍ഡ് ഐ- 10 ന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തിക്കുന്നതോടെയാണ് പഴയ ഡീസല്‍ പതിപ്പിനെ കമ്പനി പിന്‍വലിക്കുന്നത്.

ഗ്രാന്റ് ഐ 10, എക്‌സെന്റ് എന്നീ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഹ്യുണ്ടായി അറിയിച്ചിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി മോഡലിനെ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം നിയോസ് ഗ്രാന്‍ഡ് ഐ- 10 ന്റെ പുതിയ പതിപ്പ് ഈ മാസം 20 ന് വിപണിയിലെത്തും. ചെറുഹാച്ച് ബാക്കായ നിയോസിന്റെ ആദ്യ കാര്‍ ഹ്യുണ്ടായ്യുടെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റില്‍ നിന്നും പുറത്തിറക്കിയതായാണ് വിവരം. വാഹനപ്രേമികളെ ആകര്‍ഷിക്കാനായി ‘ദ അത്‌ലറ്റിക്‌ മിലേനിയല്‍’ എന്ന ടാഗ് ലൈനോടെയാണ് വാഹനം പുറത്തിറക്കുന്നത്.

ഗ്രാന്‍ഡ് ഐ- 10 നെ പിന്‍വലിക്കാതെയാണ് നിയോസ് എന്ന പേരില്‍ മൂന്നാം തലമുറ ഐ- 10 ഹ്യുണ്ടായ് പുറത്തിറക്കുന്നത്. ഹെക്സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളും നിലനിര്‍ത്തുന്നതിനൊപ്പം അകത്തളത്തിന്റെയും പുറംഭാഗത്തിന്റെയും രൂപകല്‍പ്പനയിലെ പുതുമകളാണ് പുതിയ ഗ്രാന്‍ഡ് ഐ- 10 നെ വ്യത്യസ്ഥമാക്കുന്നത്.

ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോഡ് ലേ ഔട്ടും ഗ്രാന്‍ഡ് ഐ- 10ല്‍ ക്രമീകരിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോ ആപ്ള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള ടച്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍ സിസ്റ്റമാണ് വാഹനത്തിലുള്ളത്. ഹ്യുണ്ടായിയുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്നോളജിയും ഈ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കാം.

Top