കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണി നിര്‍മ്മാണം;സംഭവം അന്വേഷിക്കാന്‍ കളക്ടറുടെ ഉത്തരവ്

കട്ടിപ്പാറ: ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണി നിര്‍മ്മാണം അന്വേഷിക്കും. പഞ്ചായത്തിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് ജലസംഭരണി നിര്‍മ്മിക്കുന്നതെന്നാണ് ആരോപണം. ഉരുള്‍ പൊട്ടലിന് പ്രധാന കാരണം നാലു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതാണെന്ന് ജനങ്ങള്‍ പറയുന്നു.

സ്വകാര്യ പശുഫാമിന് വേണ്ടിയെന്ന പേരിലാണ് ജലസംഭരണി നിര്‍മിക്കാന്‍ മണ്ണെടുത്തത്. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പണി നിര്‍ത്തിയിരുന്നു. ഇങ്ങനെ എടുത്ത കുഴിയാണ് ഉരുള്‍പ്പൊട്ടലിന്റെ ഉറവിടം എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജലസംഭരണിക്കായി കുഴിയെടുത്തപ്പോള്‍ കൂട്ടിയിട്ട മണ്ണും കല്ലും വീടുകള്‍ക്ക് മുകളില്‍ വീണതാണ് ദുരന്തം ഇരട്ടിയായത്.

അതേസമയം നിയമംലംഘിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മേല്‍ പഞ്ചായത്ത് കണ്ണടക്കുന്നുണ്ടോയെന്നാണ് പ്രദേശവാസികളുടെ സംശയം. എന്നാല്‍ കരിഞ്ചോലമലയിലെ അനധികൃത തടയണ നിര്‍മ്മാണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. താമരശേരി താലൂക്കിലെ ദുരന്ത സാധ്യതാ മേഖലയില്‍ കട്ടിപ്പാറ പഞ്ചായത്തിലെ ഈ പ്രദേശങ്ങളും പെടും. ഇത്തരം പ്രദേശങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം കെട്ടി നിര്‍ത്താന്‍ പാടില്ലെന്ന പ്രധാന നിര്‍ദ്ദേശം തന്നെയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

Top