തട്ടുകടകൾ അടക്കമുള്ള ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്താൻ നിര്‍ദേശം നൽകി എറണാകുളം കളക്ടർ

കൊച്ചി: എറണാകുളം ജില്ലയിലെ തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശിച്ചു. പഴകിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം മൂലം പലയിടത്തും ഭക്ഷ്യ വിഷബാധയും ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തി നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. പൊലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പു മേധാവികൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം കളമശ്ശേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി പരാതി. അങ്കമാലി ഡി പോൾ കേളേജിലെ നാല് വിദ്യാർത്ഥികൾക്കാണ് ശരീരത്തിൽ തുടിപ്പ് കാണപ്പെട്ടത്. തനിമ എന്ന ഹോട്ടലിൽ നിന്നും ബീഫ് കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് പരാതി. അസ്വസ്ഥതയുണ്ടായ വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

തൃശ്ശൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവൃത്തിച്ച ഹോട്ടൽ പൂട്ടിക്കാൻ ഭക്ഷ്യ സുരക്ഷ സംഘം എത്തിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ഇന്നലെ പൂട്ടിയ ഹോട്ടൽ അനുമതി ഇല്ലാതെ തുറന്നത് അടക്കണമെന്ന് ആവശ്യപ്പെട്ട ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥയെ കടയുടമ ഫോണിൽ ഭീഷണിപ്പെടുത്തി. സ്ഥാപനം പ്രവർത്തിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എടുക്കാൻ എത്തിയ മാധ്യമപ്രവ‍ർത്തകരെയും ജീവനക്കാർ തടഞ്ഞു. പൊലീസ് അകമ്പടിയിൽ എത്തിയ ഉദ്യോഗസ്ഥർക്ക് ഒരു മണിക്കൂറിന് ശേഷമാണ് ഹോട്ടൽ വീണ്ടും പൂട്ടാനായത്. എംജി റോഡിലെ ബുഹാരിസ് എന്ന ഹോട്ടലിലാണ് സംഭവം.

Top