ജ്യോതിയും വന്നില്ല തീയും വന്നില്ല, ആകാശം തേച്ചു; സോഷ്യല്‍ മീഡിയയില്‍ ഉല്‍ക്കമഴ കാണാത്തവരുടെ കൂട്ടകരച്ചില്‍

കൊച്ചി: ആകാശം നിറയെ ഉല്‍ക്കകള്‍ പറക്കുന്ന കൗതുക നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ഇന്നലെ രാത്രി ഉറങ്ങാതെ കാത്തിരുന്നവരില്‍ പലര്‍ക്കും നിരാശമാത്രമായിരുന്നു മിച്ചം. എന്നാല്‍ ഒരു മിന്നായം പോലെ കണ്ടെന്നാണ് ചിലര്‍ പറയുന്നത്. പെഴ്‌സീഡ്‌സ് ഉല്‍ക്കാവര്‍ഷം ഇന്നലെ രാത്രി ഏറ്റവും നന്നായി കാണാനാകുമെന്ന ധാരണയിലായിരുന്നു ഏവരും.

13ന് പുലര്‍ച്ചെയോടെയായിരിക്കും ഉല്‍ക്കവര്‍ഷം അതിന്റെ പാരമ്യതയിലെത്തുകയെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, മേഘാവൃതമായ ആകാശത്ത് നക്ഷത്രങ്ങള്‍ പോലും വ്യക്തമായി കാണാനാവാത്ത അവസ്ഥയായിരുന്നു. കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റക്കൊറ്റക്കുള്ള ഏതാനും ഉല്‍ക്കകളെ മാത്രം കാണാന്‍ സാധിച്ചതായി പലരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ചിലര്‍ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചിട്ടുണ്ട്.

കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ചിട്ടും ഉല്‍ക്കമഴ എത്താത്തതിന്റെ നിരാശയില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും നിറയുകയാണ്. അതേസമയം, നിരാശരാകേണ്ടെന്നും വരുംദിവസങ്ങളിലും ഉല്‍ക്കാപതനം കാണാനാകുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ആഗസ്റ്റ് 13, 14 തിയതികളിലും കൂടുതല്‍ ഉല്‍ക്കകളെ കാണാനുള്ള സാധ്യതയുണ്ട്. ആഗസ്റ്റ് 24 വരെ കാണാനാകുമെന്നും പറയപ്പെടുന്നു.

ഏതായാലും ഉല്‍ക്കമഴ കാണാത്തവരുടെ കൂട്ടകരച്ചിലാണ് സോഷ്യല്‍ മീഡിയയില്‍. ജ്യോതിയും വന്നില്ല തീയും വന്നില്ല വെറുതേ ഉറക്കം കളഞ്ഞെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ഉല്‍ക്കമഴ കാണാന്‍ കാത്തിരുന്ന് ഉറങ്ങിപ്പോയവരും ഉണ്ട്. ഉല്‍ക്കമഴ ഇല്ലാത്തതാണോ ആകാശം തേച്ചതാണോ എന്ന സംശയങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. ഉല്‍ക്ക മഴ കാണാന്‍ പാതിരാത്രി മാനത്തോട്ടും നോക്കി നിന്ന് പനി പിടിച്ചെന്നാണ് ചിലരുടെ സങ്കടം. ഉല്‍ക്കമഴയെ പകര്‍ത്താന്‍ ക്യാമറ സെറ്റാക്കി കാത്തിരുന്നവരും ഉണ്ട്.

Top