കോൺഗ്രസ്സ് നേതൃത്വത്തിൽ ‘ശീതസമരം’ ശക്തം, ഒടുവിൽ സുധീരനിൽ തന്നെ എത്തുമോ അധികാരം?

കേരളത്തിൽ ആരാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ് എന്ന മത്സരമാണ് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തമ്മിൽ ഇപ്പോൾ നടക്കുന്നത്. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അത്ര പോരാ എന്ന അഭിപ്രായമാണ് കോൺഗ്രസ്സിലെ ചെന്നിത്തല വിഭാഗത്തിനുള്ളത്. അതു കൊണ്ടു തന്നെ പിണറായി സർക്കാറിനെതിരെ ആഞ്ഞടിക്കുന്നത് രമേശ് ചെന്നിത്തല ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിൽ ചെന്നിത്തലയുടെ അടുത്ത അനുയായി ആയിരുന്ന വി.ഡി. സതീശനെ ഹൈക്കമാന്റ് അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതാവാക്കിയിരുന്നത്. കോൺഗ്രസ്സ് എം.എൽ.എമാരുടെ പിന്തുണ കൂടുതലും ചെനിത്തലയ്ക്ക് ആയിരുന്നു എങ്കിലും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ ഈ എണ്ണമൊന്നും ഹൈക്കമാന്റ് പരിഗണിച്ചിരുന്നില്ല. ഇക്കാര്യത്തിൽ കെ.സി വേണുഗോപാലും ചെന്നിത്തലയെ ചതിച്ചതായാണ് ഐ വിഭാഗം സംശയിക്കുന്നത്.

ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചതാണ് യഥാർത്ഥത്തിൽ വി.ഡി സതീശന് ലോട്ടറി ആയിരുന്നത്. ഇതേ പരിഗണന തന്നെയാണ് കെ.സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്കും എത്തിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ കോൺഗ്രസ്സിലെ സമവാക്യങ്ങളാണ് പൊളിച്ചെഴുതപ്പെട്ടിരിക്കുന്നത്. ശക്തരായ എ – ഐ ഗ്രൂപ്പുകളെ ദുർബലമാക്കുന്ന ഈ നീക്കത്തിനു പിന്നിൽ കെ.സി വേണുഗോപാലിന്റെ കേരള താൽപ്പര്യമാണ് പ്രവർത്തിച്ചിരിക്കുന്നത്. ഇരു ഗ്രൂപ്പുകളെയും ദുർബലമാക്കി പിടിമുറുക്കുക എന്ന തന്ത്രമാണ് കെ.സി ഇവിടെ പയറ്റിയിരിക്കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാറുക എന്നത് കെ.സി വേണുഗോപാലിന്റെ അജണ്ടയായിരുന്നു. അതിനു വേണ്ടി യഥാർത്ഥത്തിൽ വി.ഡി സതീശനെയും കെ സുധാകരനെയും മുൻ നിർത്തുകയാണ് കെ.സി ചെയ്തിരിക്കുന്നത്. ചെന്നിത്തലയെ ഒതുക്കുക എന്ന പ്രഥമ ലക്ഷ്യം പ്രതിപക്ഷ നേതാവിന്റെ കസേര തട്ടിതെറിപ്പിച്ചതോടെ തൽക്കാലം നടന്നു കഴിഞ്ഞു. അനോരാഗ്യം മൂലം ഉമ്മൻ ചാണ്ടിയും ഇപ്പോൾ രംഗത്തില്ല. ലോകസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ, വി.ഡി. സതീശനും കെ സുധാകരനും ദുർബലമാകുമെന്നും, അത്തരമൊരു സാഹചര്യത്തിൽ, തനിക്ക് കേരളത്തിൽ ലാൻഡ് ചെയ്യാനുള്ള അവസരമുണ്ടാകുമെന്നുമാണ് കെ.സി വേണുഗോപാൽ കരുതുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കൈവശം നിലവിലുള്ള 19 സീറ്റുകളിൽ എത്ര എണ്ണം കുറഞ്ഞാലും അതിന്റെ പ്രധാന ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അദ്ധ്യക്ഷനുമായിരിക്കും എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഇരുവർക്കും ശേഷം കെ.സി വേണുഗോപാലിന് ഭീഷണി ആയിമാറാൻ സാധ്യത ഉണ്ടായിരുന്ന കെ.മുരളീധരൻ, ശശി തരൂർ എന്നിവരും ഇപ്പോൾ കോൺഗ്രസ്സിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. ഗ്രൂപ്പുകളെയും ജനകീയരായ നേതാക്കളെയും സമർത്ഥമായി ഒതുക്കി നിർത്തി കേരളത്തിലെ കോൺഗ്രസ്സിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന കെ.സി വേണുഗോപാൽ എല്ലാ ജില്ലകളിലും തന്റെ കൂടെ നേതാക്കളെ നിർത്താനും തന്ത്രപരമായി ശ്രമിക്കുന്നുണ്ട്.

കെ.സിയുടെ ഈ തന്ത്രങ്ങൾ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ മറ്റു നേതാക്കൾ അത്തരം നീക്കം പൊളിച്ചടുക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. ഐ ഗ്രൂപ്പിനെ കൂടുതൽ ശക്തമാക്കി നിർത്താനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. സെൻസിറ്റീവ് വിഷയങ്ങൾ ഏറ്റെടുത്ത് സജീവമായി നിൽക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എ – ഐ ക്യാമറ വിവാദത്തിന് തുടക്കമിട്ടതു തന്നെ ചെന്നിത്തലയാണ്. ഇതിനു ശേഷമാണ് വി.ഡി സതീശനും സുധാകരനും ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ഇനിയും കൂടുതൽ തെളിവുകൾ സർക്കാറിനെതിരെ പുറത്തുവിടുമെന്നാണ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ പ്രധാന ആരോപണങ്ങൾ ഉയർത്തി താനാണ് യഥാർത്ഥ പ്രതിപക്ഷ നേതാവെന്ന് തെളിയിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. അപകടം തിരിച്ചറിഞ്ഞതോടെ കളം തിരിച്ചു പിടിക്കാനാണ് കൂടുതൽ ആരോപണങ്ങളുമായി ഇപ്പോൾ വി.ഡി സതീശനും രംഗത്തു വന്നിരിക്കുന്നത്. കോൺഗ്രസ്സ് നേതാക്കൾ തമ്മിലുള്ള ഈ മത്സരം മാധ്യമങ്ങൾക്കും വലിയ കൊയ്ത്തായിട്ടുണ്ട്. സർക്കാറിനെതിരെ ഇരു നേതാക്കളും പുറത്തുവിടുന്ന വിവരങ്ങളാണ് നിലവിൽ മാധ്യമങ്ങളുടെ പ്രധാന വിഭവങ്ങൾ.

അതേസമയം, കേരളത്തിലെ കോൺഗ്രസ്സിലെ ഒന്നാമനാകാനുള്ള നേതാക്കളുടെ ഈ മത്സരത്തിൽ അവരെല്ലാം ഒടുവിൽ പരാജയപ്പെടാനാണ് സാധ്യതയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഏൽക്കുകയും നേതൃസ്ഥാനത്ത് തർക്കം വരികയും ചെയ്താൽ വി.എം.സുധീരനെ മുൻ നിർത്താൻ കോൺഗ്രസ്സ് ഹൈക്കമാന്റും മുസ്ലീം ലീഗും നിർബന്ധിക്കപ്പെടുമെന്നതാണ് അവരുടെ വിലയിരുത്തൽ. ആരോഗ്യം വീണ്ടെടുത്ത വിഎം സുധീരൻ സജീവമായി രംഗത്തിറങ്ങിയാൽ പൊതു സമൂഹത്തിനിടയിൽ യു.ഡി.എഫിന് മികച്ച പ്രതിച്ഛായ സൃഷ്ടിക്കാൻ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സുധീരന്റെ ശൈലിയോട് യോജിക്കാൻ കഴിയാത്തവർക്ക് പോലും ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തെ എതിർക്കാൻ കഴിയില്ലന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും മാറ്റി നിർത്തിയാൽ കെ.സി വേണുഗോപാൽ, വി.ഡി സതീശൻ തുടങ്ങിയ നേതാക്കൾക്കും പുതുതലമുറ നേതാക്കൾക്കും ഇപ്പോഴും വലിയ അടുപ്പം സുധീരനോടുണ്ട്. സുധീരന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയിൽ രാഹുൽ ഗാന്ധിക്കും വലിയ മതിപ്പാണുള്ളത്. ഇതും സുധീരന് അനുകൂലമായ ഘടകമാണ്. മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ യു.ഡി.എഫ് എന്ന മുന്നണി തന്നെയാണ് ഇല്ലാതാവുക. അതോടെ ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണിയാകും മുഖ്യപ്രതിപക്ഷ റോളിൽ എത്തുക. ഇക്കാര്യം കൂടി സുധീരൻ വിരുദ്ധർക്ക് പരിഗണിക്കേണ്ടി വരും. കേരളം എന്നന്നേക്കുമായി യു.ഡി.എഫിന് കൈവിട്ട് പോകുമെന്ന് ഉറപ്പായാൽ സുധീരനെ പിന്തുണയ്ക്കാൻ മുന്നണിയിലെ അദ്ദേഹത്തിന്റെ എതിരാളികൾ പോലും നിർബന്ധിതരാകും. അതിനുള്ള സാധ്യത എന്തായാലും തള്ളിക്കളയാൻ കഴിയുകയില്ല….

EXPRESS KERALA VIEW

Top