എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ വരേണ്ടതില്ല; റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരുടെ ഓഫീസുകളില്‍ വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും ഇത് പുതിയ നിലപാട് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വാക്കുകള്‍: ”ഇക്കാര്യത്തില്‍ സിപിഐഎമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ല. ഇപ്പോള്‍ അല്ല, നേരത്തെയുമില്ല. 1996ല്‍ ഞാന്‍ വൈദ്യുതി മന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ്. അന്ന് എന്റെ അടുത്ത് ഒരു എംഎല്‍എ ഒരു കരാറുകാരനെ കൂട്ടി വന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത് നിങ്ങളുടെ ജോലിയില്‍പ്പെട്ടത് അല്ലെന്ന്. കരാറുകാരനെയും കൂട്ടി എംഎല്‍എ മന്ത്രിയെ കാണാന്‍ വരേണ്ടതില്ല. പാര്‍ട്ടിക്കൊരു നിലപാടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ മറ്റ് വ്യത്യസ്ത അഭിപ്രായങ്ങളില്ല.”

സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവനും മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ പൊതുനിലപാടാണ് മന്ത്രി റിയാസ് പറഞ്ഞതെന്നായിരുന്നു വിജയരാഘവന്‍ വ്യക്തമാക്കിയത്.

Top