മലബാര്‍കലാപം സ്വാതന്ത്ര്യസമരമല്ലെന്ന് വരുത്തിതീര്‍ക്കുന്നത് ചരിത്രം അറിയാത്തവര്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മലബാര്‍ കാര്‍ഷിക കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവര്‍ത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണ്. സ്വാതന്ത്ര്യ സമര സേനാനി ലിസ്റ്റില്‍ നിന്ന് കേന്ദ്രം അവരെ നീക്കിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു വിഭാഗം ആള്‍ക്കാരുണ്ട്. ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ സഹനസമരവും ബഹുജനമുന്നേറ്റവും കര്‍ഷക പ്രക്ഷോഭവും സായുധപോരാട്ടങ്ങളുമെല്ലാമുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ അതില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അതില്‍ പലരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ഒറ്റലക്ഷ്യമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം നേടിയാല്‍ ഏതുതരം ഭരണസംവിധാനം വേണം എന്നതിലും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ അടിസ്ഥാനമാക്കി സ്വാതന്ത്രസമരപോരാട്ടങ്ങളെ തരംതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ മലബാര്‍ കലാപത്തെ കാര്‍ഷിക കലാപമായി വിലയിരുത്തി. അതിനെ സ്വാതന്ത്ര സമരമായി അബ്ദുുറഹ്മാന്‍ സാഹിബ് പ്രഖ്യാപിച്ചു. അന്ന് ബ്രിട്ടീഷുകാരുടെ സഹായികളായി പ്രവര്‍ത്തിച്ചത് നാട്ടിലെ ജന്മിമാരായിരുന്നു. അങ്ങനെ അത് ജന്മിമാര്‍ക്കെതിരായ സമരമായി വികസിച്ചു. ചില മേഖലകളില്‍ മലബാര്‍ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലര്‍ കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നത് യഥാര്‍ത്ഥ്യമാണ്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി.

എന്നാല്‍ വാരിയംകുന്നന്‍ ബ്രിട്ടീഷ് വിരുദ്ധസമരത്തെ എതിര്‍ത്ത എല്ലാവരേയും ശത്രുപക്ഷത്താണ് കണ്ടത്. ഖാന്‍ ബഹദൂര്‍ ചേക്കൂട്ടി, തയ്യില്‍ മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവരെ കൊല്ലുകയാണ് വാരിയംകുന്നനും സംഘവും ചെയ്തത്. നിരപരാധികളെ കൊല്ലപ്പെടുത്തുകയും മറ്റും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചതായും ചരിത്രരേഖയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാര്‍ കലാപത്തിനിടെ തന്നെ കാണാന്‍ വാരിയംകുന്നന്‍ വന്നകാര്യം മാധവമേനോന്‍ എഴുതിയിട്ടുണ്ട്. കലാപത്തിനിടെ നടന്ന തെറ്റായ പ്രവണതകളെക്കുറിച്ച് പറഞ്ഞപ്പോള്‍ അതെല്ലാം അവസാനിപ്പിക്കാനാണ് താന്‍ വന്നതെന്ന് വാരിയംകുന്നത്ത് പറഞ്ഞതായി മാധവന്‍മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ദാര്‍ ചന്ദ്രോത്ത് 1946ല്‍ ദേശാഭിമാനിയില്‍ ഇക്കാര്യം രേഖപ്പെടുത്തി. ഹിന്ദുക്കളടക്കം എല്ലാ വിഭാഗത്തേയും യോജിപ്പിച്ചു നിര്‍ത്തിയുള്ള രാജ്യമാണ് തന്റെ ലക്ഷ്യമെന്നും മതരാഷ്ട്രം തന്റെ ലക്ഷ്യമേ അല്ലെന്നും വാരിയംകുന്നന്‍ പറഞ്ഞതായി ചന്ദ്രോത്ത് എഴുതുന്നുണ്ട്.

മലബാര്‍ കലാപം ഹിന്ദു മുസ്ലീം സംഘര്‍ഷമാണെന്ന പ്രചാരണം രാജ്യമെങ്ങും വന്നപ്പോള്‍ ഇതേക്കാര്യം ആവര്‍ത്തിച്ചു കൊണ്ട് വാരിയംകുന്നത്ത് എഴുതിയ കത്ത് ഹിന്ദു പത്രം ഈ അടുത്ത പുനഃപ്രസിദ്ധീകരിച്ചു. ഇ. മൊയ്തുമൗലവിയുടെ ആത്മകഥയിലും വാരിയംകുന്നതിനെ മൗലികവാദിയായല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top