മൃതദേഹം നദിയിലൊഴുക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി ദുഷ്പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാ സംവിധാനങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ തരംഗത്തെ പിടിച്ചു നിര്‍ത്തിയതിനാലും മരണ നിരക്ക് രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയില്‍ കുറച്ചു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചു.

ഓക്‌സിജന്‍ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ ഇവിടെ ആര്‍ക്കുമുണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മശാനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ വരി നില്‍ക്കുന്ന കാഴ്ച കേരളത്തില്‍ കാണേണ്ടി വന്നിട്ടില്ല. നിവൃത്തിയില്ലാതെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കിക്കളയേണ്ട ഗതികേട് ഇവിടെ ആര്‍ക്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എത്രയൊക്കെ ദുഷ്പ്രചരണങ്ങള്‍ നടത്തിയാലും ആര്‍ക്കും മായ്ച്ചു കളയാനാകാത്ത യാഥാര്‍ഥ്യമായി അക്കാര്യങ്ങള്‍ ജനങ്ങളുടെ മുന്‍പിലുണ്ട്. അത് ഈ നാടിന്റെ അനുഭവമാണ്. ജനങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ഫലമാണ്. ആ വ്യത്യാസം ഈ ലോകം കണ്ടറിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top