മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ തുടരുന്നു

സ്വർണ്ണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ മുഖ്യമന്ത്രി ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടി നടക്കുന്ന സ്ഥലങ്ങളിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് . വേദിക്ക് സമീപത്തേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയിലേക്ക് ഒൻപത് മണിക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഒൻപത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

തവനൂരിലെ പരിപാടിയിൽ മന്ത്രി മുഹമ്മദ്‌ റിയാസ്, കെ ടി ജലീൽ എംഎൽഎ തുടങ്ങിയവരും പങ്കെടുക്കും. ശേഷം പുത്തനത്താണിയിൽ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. അവിടെ മൂന്ന് പരിപാടികളിൽ പങ്കെടുക്കും.

കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികൾ കഴിഞ്ഞ് ഇന്നലെ തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു . യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാളും നടത്തി . ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് സുരക്ഷയൊരുക്കി . പൊലീസുകാരുടെ വലയത്തിൽ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി. കോട്ടയത്തു പ്രധാന കവലകളിൽ എല്ലാം ഗതാഗതം തടഞ്ഞ പോലീസ്, കേരള സർക്കാരിന്റെ ഒന്നാം നമ്പർ കാറിന് വഴിയൊരുക്കി. കൊച്ചിയിൽ കറുത്ത ചുരിദാർ ധരിച്ച ട്രാൻസ്‌ജെന്ഡറുകളെ പൊലീസ് തടഞ്ഞു. പ്രതിഷേധിച്ചപ്പോൾ കസ്റ്റഡിയിലെടുത്തു .

 

Top