ഉദ്യോഗസ്ഥ ലോബിയും ഉപജാപക വൃന്ദവുമാണു മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് : മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയം കാരണമാണു നിയമസഭാ സമ്മേളനം ഏകപക്ഷീയമായി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സഭാസമ്മേളനം മാറ്റിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഉദ്യോഗസ്ഥ ലോബിയും ഉപജാപക വൃന്ദവുമാണു മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണു സഭാസമ്മേളനം മാറ്റാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതെന്നും അതിനാലാണ് എപ്പോഴും ജനവിരുദ്ധ തീരുമാനങ്ങള്‍ മാത്രം മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണു സഭാസമ്മേളനം മാറ്റിയെന്ന വാദം ബാലിശമാണെന്നും എല്ലാ വിവാദങ്ങളുടെയും പ്രതിനായകന്‍ മുഖ്യമന്ത്രിയാണെന്നും നിയമസഭയില്‍ കുറ്റവിചാരണ ചെയ്യപ്പെടുമെന്ന് ആരെക്കാളും നന്നായി മുഖ്യമന്ത്രിയ്ക്കറിയാമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top