ഭീകരര്‍ക്ക് താവളമൊരുക്കി പാക്കിസ്ഥാന്‍ ; യുഎസിന്‌ ഭീഷണിയുയര്‍ത്തുന്നെന്ന് സി.ഐ.എ

Pakisthan CIA

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിതതാവളമൊരുക്കി അമേരിക്കക്ക് ഭീഷണിയുയര്‍ത്തുന്നെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ. സി.ഐ.എ മേധാവി മൈക് പോംപിയോയാണ് പാക്കിസ്ഥാനെതിരെ പ്രസ്താവന നടത്തിയത്.

നേരത്തെ, ഭീകരസംഘടനകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പാക്കിസ്ഥാന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. താലിബാന്‍, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയ്‌ക്കെതിരെ പാക്കിസ്ഥാന്‍ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ യുഎസ് ‘എല്ലാ വഴികളും’ പരിഗണിക്കുമെന്നാണ് വൈറ്റ് ഹൗസ് മുന്നറിയിപ്പു നല്‍കിയത്. ഭീകരസംഘടനകളും അവരുടെ സുരക്ഷിത താവളങ്ങളും ഇല്ലാതാക്കണമെന്നാണ് പാക്കിസ്ഥാന് യുഎസ് നല്‍കിയ കര്‍ശന നിര്‍ദേശം.

പാക്കിസ്ഥാനു വര്‍ഷംതോറും നല്‍കിവരുന്ന രണ്ട് ബില്യണിലധികം യുഎസ് ഡോളറിന്റെ സഹായം വെട്ടിക്കുറച്ചതിനുപിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

യുഎസിന്റെ ഭീഷണിക്ക് പിന്നാലെ പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കി പാക്കിസ്ഥാന്‍ രംഗത്ത് വന്നിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ കുപ്രസിദ്ധ ഭീകരന്‍ ഹാഫിസ് സയീദ്, പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പാക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ഭീകരാക്രമണ സംഘടനകളെ സഹായിക്കുന്നവര്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും, കനത്ത പിഴ നല്‍കേണ്ടിവരുമെന്നും, ആവശ്യമെങ്കില്‍ ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ദിനപത്രങ്ങളില്‍ ശനിയാഴ്ച പാക്ക് സര്‍ക്കാര്‍ പരസ്യവും പ്രസിദ്ധീകരിച്ചു. സാമ്പത്തിക സഹായം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ 72 സംഘടനകളുടെ പട്ടികയും പരസ്യത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാഫിസ് സയീദ് രൂപം നല്‍കിയ ലഷ്‌കറെ ത്വയിബ, ജമാഅത്തുദ്ദഅവ (ജെയുഡി), ഫലാ ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ (എഫ്‌ഐഎഫ്) തുടങ്ങിയവയും മസൂദ് അസ്ഹറിന്റെ ലഷ്‌കറെ ത്വയിബയും വിലക്ക് ബാധകമാക്കിയ സംഘടനകളില്‍പ്പെടുന്നു.

പാക്കിസ്ഥാനില്‍ 1997ല്‍ പാസാക്കിയ ഭീകരവിരുദ്ധ നിയമമനുസരിച്ചും 1848ലെ യുഎന്‍ രക്ഷാസമിതി ചട്ടമനുസരിച്ചും ഇത്തരം സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ശിക്ഷയോ 10 ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

Top