കോടിയേരിയുടെയും സുധാകരന്റെയും മക്കള്‍ കണ്ടു പഠിക്കണം ഈ മാതൃക

ക്കള്‍ കുടുംബത്തില്‍ വില്ലന്‍മാരാകാം, പക്ഷേ പാര്‍ട്ടിക്ക് വില്ലന്‍മാരാകാന്‍ പാടില്ല. ഇക്കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. പൊതു സമൂഹം ആഗ്രഹിക്കുന്നതും അതാണ്. മക്കള്‍ രാഷ്ട്രീയത്തിന് റെഡ് സിഗ്‌നല്‍ ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍ ആ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ മക്കള്‍ പാര്‍ട്ടിക്കിപ്പോള്‍ വലിയ തലവേദനയാണ്. ബിനീഷ് കോടിയേരിക്ക് പിന്നാലെ മന്ത്രി ജി.സുധാകരന്റെ മകനാണ് സി.പി.എമ്മിന് ബാധ്യതയാകുന്നത്. ഒരു ചാനലിന്റെ ഓഹരി ആര്‍ക്കും എടുക്കാം അതിനെ വിമര്‍ശിക്കാന്‍ കഴിയുകയുമില്ല. എന്നാല്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ ഇത്തരത്തില്‍ ഓഹരികള്‍ എടുക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കമ്യൂണിസ്റ്റുകളുടെ ആജന്മ ശത്രുക്കള്‍ നടത്തുന്ന ചാനലാകുമ്പോള്‍ പ്രത്യേക ശ്രദ്ധ തന്നെ വേണമായിരുന്നു.

ഇവിടെ ഗുരുതര വീഴ്ചയാണ് സുധാകരന്റെ മകന്‍ നവനീതിന് പറ്റിയിരിക്കുന്നത്. 100 രൂപയുടെ ആയിരം ഷെയറുകളാണ് നവനീതിന് ജനം ടി.വിയിലുള്ളത്. നേരത്തെ ചാനല്‍ ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് ഇക്കാര്യം പുറത്ത് വിട്ടിരുന്നത്. സംഘ പരിവാര്‍ അജണ്ട നടപ്പാക്കുന്ന ചാനലാണ് ജനം ടി.വി. ഈ ചാനലില്‍ എന്തിന് മകന്‍ ഷെയര്‍ എടുത്തു എന്നതിന് സുധാകരന്‍ വിശദീകരണം നല്‍കേണ്ടിവരും. കെ.എസ്.യുക്കാര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് ജി ഭുവനേശ്വരന്റെ സഹോദരനാണ് ജി.സുധാകരന്‍. ഈ രക്തസാക്ഷി കുടുംബത്തില്‍ നിന്നും പരിവാര്‍ ചാനലില്‍ ഓഹരിയുണ്ടെന്ന വാര്‍ത്ത സി.പി.എം അണികളെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണ്. സി.പി.എമ്മിന് കൈരളിയും കോണ്‍ഗ്രസ്സിന് ജയ് ഹിന്ദ് ടി.വിയും ഉള്ളപ്പോഴാണ് പരിവാര്‍ പുതിയ ചാനല്‍ തുടങ്ങിയിരുന്നത്. ഇത് സംഘടനാപരമായ അവരുടെ തീരുമാനത്തിന്റെ ഭാഗം തന്നെയാണ്. ഏറ്റവും അധികം സി.പി.എമ്മിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കുന്നതും ജനം ടി.വിയാണ്.

ശബരിമല വിഷയത്തോടെയാണ് ഈ ചാനലിന്റെ റേറ്റിംങ്ങ് കൂടിയിരുന്നത്. എന്നാല്‍ സ്വര്‍ണ്ണക്കടത്തു വിവാദത്തില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പെട്ടതോടെ ‘പണി പാളി’. അനില്‍ നമ്പ്യാരോട് ലീവില്‍ പോകാന്‍ ചാനല്‍ പറഞ്ഞെങ്കിലും ഇതുവരെ പുറത്താക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരിവാര്‍ സംഘടനകളില്‍ തന്നെ രൂക്ഷമായ ഭിന്നതയുമുണ്ട്. സ്വപ്നക്ക് ‘ഐഡിയ’ പറഞ്ഞ് കൊടുത്ത നമ്പ്യാരെ പുറത്താക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ നിലപാട്. സ്വര്‍ണ്ണക്കടത്ത് വിവാദം കത്തിച്ച ബി.ജെ.പിയുടെ കൈ പൊള്ളിച്ചതും അനില്‍ നമ്പ്യാര്‍ക്ക് എതിരായ സ്വപ്നയുടെ മൊഴിയാണ്. ജനം ടി.വിയുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലന്നാണ് ബി.ജെ.പി നേതൃത്വം ഇതിനോട് പ്രതികരിച്ചിരുന്നത്.

സംഘപരിവാര്‍ അണികള്‍ക്ക് പോലും ബോധ്യപ്പെടാത്ത വിശദീകരണമായിരുന്നു അത്. അനില്‍ നമ്പ്യാരിലൂടെ കേന്ദ്ര മന്ത്രിയെ തന്നെ സി.പി.എം ലക്ഷ്യമിട്ടതോടെയാണ് മറുതന്ത്രം പരിവാര്‍ നേതൃത്വവും പയറ്റിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രി സുധാകരന്റെ മകന്റെ ഓഹരി വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കേരളം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഈ വിവാദങ്ങളെല്ലാം ഭരണപക്ഷത്തിന് വെല്ലുവിളി തന്നെയാണ്. ജനങ്ങള്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടല്ല വോട്ടുകള്‍ ചെയ്യുന്നത്. ചെറിയ വിവാദങ്ങള്‍ പോലും വോട്ടിങ്ങിനെ ബാധിക്കും. മക്കളെ നിലയ്ക്ക് നിര്‍ത്താന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തയ്യാറാവണം. ആര്‍ഭാട ജീവിതവും ദുരൂഹമായ ബന്ധങ്ങളുമൊന്നും ഒരു കമ്യൂണിസ്റ്റിന്റെ കുടുംബത്തിലും പാടില്ല. സ്വന്തം കുടുംബം നന്നാക്കിയിട്ട് നാട് നന്നാക്കാന്‍ വരൂ എന്ന് നാട്ടുകാരെ കൊണ്ട് ഇപ്പോള്‍ പറയിപ്പിക്കുന്നതും ഉന്നത നേതാക്കളാണ്.

ചടയന്‍ ഗോവിന്ദന്റെയും പി.ജയരാജന്റെയും മക്കളെയാണ് ഇവരെല്ലാം കണ്ടു പഠിക്കേണ്ടത്. തിരുവനന്തപുരത്തെ തെരുവീഥികളില്‍ ദിനേശ് ബീഡിയും വലിച്ച് നടക്കുന്ന ചടയന്റെ മകന്‍ കമ്യൂണിസ്റ്റ് ലാളിത്യത്തിന്റെ പ്രതീകമാണ്. മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു ചടയന്‍ ഗോവിന്ദനെന്ന കാര്യവും നാം ഓര്‍ക്കണം. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ പി.ജയരാജന്റെ മക്കള്‍ കൂലി പണിക്കാരാണ്. ഈ വിയര്‍പ്പിലാണ് അവര്‍ ഇപ്പോഴും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. മണ്ണിനും തനിക്കും ഇടയില്‍ അകലം പാടില്ലന്ന് വിശ്വസിച്ച് ചെരിപ്പ് പോലും ധരിക്കാതെ തെരുവിലിറങ്ങുന്ന ഒരു എം.എല്‍.എയും നമുക്കുണ്ട്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം സി.കെ ശശീന്ദ്രനാണിത്. ഈ മുഖങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ന്യൂ ജനറേഷന്‍ മക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

Top