ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല, നടപടികള്‍ നിയമപ്രകാരം; വീണാ ജോര്‍ജ്

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 ന് പുലര്‍ച്ചെ 12.45നും രാത്രി ഒന്‍പതിനും രണ്ട് കുട്ടികളെയാണ് ശിശുക്ഷേമ സമിതിയില്‍ ലഭിച്ചത്. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് പരിഗണിക്കുന്നത്. അതനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിര്‍വഹിച്ചതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പേരൂര്‍ക്കട ദത്ത് വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചുവെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. വടകര എംഎല്‍എ കെ.കെ രമയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. സംഭവത്തില്‍, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കെ.കെ രമ ഉന്നയിച്ചത്.

Top