മേരിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി;കുഞ്ഞിനെ നാളെ രക്ഷിതാക്കൾക്ക് കാണാം

പേട്ടയില്‍ കുട്ടിയെ തട്ടികൊണ്ട്‌പോയ സംഭവത്തില്‍ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റി. നാടോടി സംഘത്തിനൊപ്പമുള്ള മറ്റ് മൂന്ന് കുട്ടികളും നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കുഞ്ഞിന്റെ സുരക്ഷയും കേസിന്റെ അന്വേഷണവും പരിഗണിച്ചാണ് ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റാനുള്ള തീരുമാനം.

നേരത്തേ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. നാളെ കുഞ്ഞിനെ കാണിക്കാം എന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തൈക്കാട് ശിശുക്ഷേമ സമിതിയിലേക്കാണ് കുട്ടിയെ മാറ്റിയത്. ബ്രഹ്‌മോസിന്റെ പുറക് വശത്തെ കാടുകയറിയ പ്രദേശത്തെ ഓടയില്‍ എങ്ങനെ കുഞ്ഞ് എത്തി എന്നതില്‍ വ്യക്തത വരുത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വിവിധയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നിര്‍ണായകമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.

പൊലീസ് പറത്തിയ ഡ്രോണില്‍ പതിഞ്ഞ നിര്‍ണായ ദൃശ്യങ്ങളാണ് കുഞ്ഞിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്. എന്നാല്‍ സ്ഥലത്തെ റെയില്‍ പാളത്തിന് അരികിലുള്ള ഓടയിലേക്ക് കുഞ്ഞ് എങ്ങനെ എത്തി എന്നതിലേക്ക് എത്താവുന്ന ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണോ എന്നതില്‍ ഇനിയും വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദുരൂഹ സാഹചര്യത്തില്‍ ഒരു വാഹനം പോലും കണ്ടെത്താനായിട്ടില്ല.

മഞ്ഞ സ്‌കൂട്ടര്‍ ചിത്രത്തിലെ ഇല്ല എന്ന നിഗമനത്തിലാണ് പൊലീസ്. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണെങ്കില്‍ ഒരു പകല്‍ മുഴുവന്‍ കുഞ്ഞിനെ ഒളിപ്പിച്ചതെവിടെയെന്നതിനും ഉത്തരം കണ്ടെത്താനായില്ല. തട്ടിക്കൊണ്ടു പോയതിന്റെയോ തിരികെ കൊണ്ടുവന്നതിന്റെയോ ഒരു സൂചനയും ഇല്ല. കുട്ടിയെ മാറ്റിയതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ, തട്ടിക്കൊണ്ടു പോകല്‍ നാടകമായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങളും പല കോണുകളില്‍ നിന്നും ഉയരുകയാണ്.

Top