സംസ്ഥാനത്ത് ലോക്ക്ഡൗൺ വരേണ്ട സാഹചര്യം ഇല്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനം ലോക്ക് ഡൗണിലേക്ക് വരേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. നിയന്ത്രണങ്ങളിലൂടെ കൊവിഡ് നിരക്ക് നേരത്തെ താഴോട്ട് കൊണ്ടുവന്നിരുന്നു. അതേ ക്രമീകരണത്തില്‍ രണ്ടാഴ്ച കൊണ്ട് നിയന്ത്രിക്കാനാവുന്നതേയുള്ളൂവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

വാക്‌സിനേഷനായി ആളുകള്‍ സ്വയം മുന്നോട്ട് വരണം. ഒരു കോടി ഡോസ് കൂടി വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനാകും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പരിശോധനകള്‍ നടത്തുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വാക്‌സിനേഷന്‍ കാമ്പെയിനുകൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്‌ഡോര്‍ പരിപാടികളില്‍ നൂറ്റമ്പതായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

മാധ്യമങ്ങള്‍ പോസിറ്റീവ് ആയ രീതിയില്‍ സാഹചര്യത്തെ എടുക്കണമെന്നും കൃത്യമായ നിര്‍ദേശം നല്‍കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Top