വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം, വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍ കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് തന്നെയാണ് 100 ശതമാനം നിഗമനവും.

വിധിയിലെ മറ്റുകാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കും. സംഭവം നടന്ന അന്ന് രാത്രി തന്നെ ക്വാട്ടേഴ്‌സിലെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്ത് സുരക്ഷിതമാക്കി. പിറ്റേ ദിവസം രാവിലെ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയായിരുന്നു. വിരല്‍ അടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധനും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടായിരുന്നുവെന്നും ടിഡി സുനില്‍കുമാര്‍ പറഞ്ഞു. കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി പ്രൊസിക്യൂട്ടറുമായി അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍കുമാര്‍ കൂടിക്കാഴ്ച നടത്തി.

Top