കൊച്ചി വാട്ടര്‍ മെട്രോയുടെ നാല് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ നാല് ടെര്‍മിനലുകളുടേയും രണ്ട് റൂട്ടുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. ഏലൂര്‍ ടെര്‍മിനലില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.

മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍മിനലുകളാണ് പുതുതായി ആരംഭിക്കുന്നത്. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണ്. ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും അധികം വൈകാതെ തന്നെ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

സര്‍വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളിലായി 17.5 ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. നിലവില്‍ ഹൈക്കോടതി ജംഗ്ഷന്‍-വൈപ്പിന്‍-ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്. പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തും.

Top