ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ ശക്തമായ നിയമഭേദഗതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. കലാ രംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ പറഞ്ഞു. കുട്ടികൾക്ക് എതിരായ ഓൺലൈൻ അതിക്രമങ്ങൾ വർധിക്കുന്നുണ്ടെന്നും, ഇത് തടയാൻ സോഷ്യൽ പൊലീസിംഗ് നടപടി നടപ്പിലാക്കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഓൺലൈൻ റമ്മിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എ.പി അനില്‍കുമാര്‍ എംഎല്‍എയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. ഓൺലൈൻ അതിക്രമത്തിനെതിരെ പൊലീസിനെയും ആരോഗ്യ വിദഗ്ധരെയും ഉപയോഗിച്ച് ബോധവത്കരണം നടത്തും. ഓൺലൈൻ ഗെയിം നിരോധിക്കാനുള്ള
സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ മാറ്റാനുള്ള നടപടി സ്വീകരിക്കും. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത് മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഒരു ഭാഗത്ത് ഓണ്‍ലൈന്‍ റമ്മിയിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വന്‍തോതില്‍ പരസ്യപ്രചാരണവും നടക്കുന്നു. കലാരംഗത്തെ പ്രമുഖര്‍ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയുമുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനില്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് ചിലരെങ്കിലും പിന്മാറാന്‍ തയ്യാറായത് അനുകരണീയമായ മാതൃകയാണ്.

ഓണ്‍ലൈന്‍ റമ്മികളിയ്ക്ക് നിലവില്‍ നിരോധനമില്ലാത്ത സാഹചര്യത്തില്‍ പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. സോഷ്യല്‍ പോലീസിംഗ് സംവിധാനവും, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ വിവിധ പദ്ധതികള്‍ വഴിയും, മാധ്യമങ്ങള്‍ മുഖേനയുമുള്ള ബോധവല്‍ക്കരണവും നടത്തിവരുന്നുണ്ട്. ഓണ്‍ലൈന്‍ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കും മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം ബഹു: ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ശക്തമായി നിയന്ത്രിക്കുന്നതിനുള്ളപഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Top