മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സിന്റെ തുടര്‍ച്ചായുള്ള മുഖാമുഖം പരിപാടിയുടെ വേദിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള അവതാരകയുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.നവകേരള സദസ്സിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്നതിനിടെയാണ് സംഭവം.

പരിപാടിയില്‍ കാലത്തുതന്നെ എല്ലാവരും എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത്. അതിന് എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതായും നിങ്ങള്‍ക്കെന്റെ സ്നേഹാഭിവാദനങ്ങള്‍ എന്നും കൂട്ടിച്ചേര്‍ത്തു.

പിന്നാലെ, അവതാരക മുഖ്യമന്ത്രിക്ക് നന്ദിപറയുകയും ‘വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന്…’ എന്നുപറഞ്ഞത് പൂര്‍ത്തിയാക്കും മുമ്പ്, ‘അമ്മാതിരി കമന്റൊന്നും വേണ്ടകെട്ടോ’യെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നിങ്ങള്‍ ആളെ വിളിക്കുന്നവര്‍, ആളെ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടനം മൈക്കിലൂടെ പരസ്യമായി തന്നെയായിരുന്നു.

ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്ലിം വിഭാഗവുമായുള്ള പരിപാടിയായിരുന്നു നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്നത്. ന്യൂനപക്ഷക്ഷേമ വകുപ്പാണ് ഇന്‍സാഫ് എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. മുസ്ലിം സംഘടനാ പ്രതിനിധികള്‍, മുതവല്ലിമാര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ്സാ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

Top