ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒന്നാംഘട്ട മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പൂർത്തിയാക്കിയ മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രിയിൽ ചികിത്സാപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാൽ രോഗിക്കോ ബന്ധുക്കൾക്കോ പരാതിപ്പെടാനുള്ള സംവിധാനങ്ങളെല്ലാം ഇന്നുണ്ട്. പെട്ടന്നുണ്ടാകുന്ന വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടേണ്ട ആവശ്യമില്ല. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും പുലർത്തണം. ചെറിയ നോട്ടപ്പിശകു കാരണമുണ്ടാകുന്ന തിരുത്താനാകാത്ത പിഴവ് ജീവിതകാലം മുഴുവൻ നിങ്ങളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകും.

കേരളത്തിന്റെ വികസനക്കുതിപ്പിനായി ആവിഷ്‌കരിച്ച കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് ഇതിനോടകം തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016-ൽ കിഫ്ബി ആവിഷ്‌കരിച്ചപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് പല പ്രമുഖരും ആക്ഷേപിച്ചു. 2021-ൽ സർക്കാർ കാലാവധി പൂർത്തിയാക്കിയപ്പോൾ 50000 കോടിയുടെ വികസനപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത്, 62000 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കി. നവകേരളത്തിൽ പണമില്ലാത്തതിനാൽ ചികിത്സ ലഭിക്കാത്ത ആരുമുണ്ടാകരുതെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

.

Top