സംസ്ഥാനത്ത് 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി വിവിധ നിക്ഷേപ വാഗ്ദാനം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിന് ശേഷം 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റ വ്യവസായ പുരോഗതിയിൽ ചിലർക്ക് ആശങ്കയുണ്ടെന്നും എന്നാൽ സംസ്ഥാനത്ത് വ്യവസായ വളർച്ച ഗണ്യമായ രീതിയിലുണ്ട്. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേർക്ക് ജോലി ലഭിക്കുന്ന പദ്ധതി ഒപ്പുവെച്ചിട്ടുണ്ട്. നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എൽഎക്സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് കരാർ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവർക്കാവശ്യമായി കെട്ടിടം കൈമാറും. ദുബൈ എക്സ്പോ വഴിയും കേരളത്തിൽ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കൊടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെ ഉള്ള വ്യവസായങ്ങൾക്ക് അതിവേഗം അനുമതി നൽകുകയാണ് സംസ്ഥാനം. സംരംഭകരുടെ പരാതിയിൽ അതി വേഗം നടപടി എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ നിക്ഷേപം ആകർഷിക്കുക തൊഴിൽ അവസരം നേടുക അതാണ് ലക്ഷ്യം. കിൻഫ്രക്ക് കീഴിലെ അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം കിട്ടി. വായ്പ നൽകുന്നതിൽ കെ എസ് ഐ ഡി സി റെക്കോർഡ് നേട്ടം ഉണ്ടാക്കി.

സംസ്ഥാനത്ത് 2021 – 22 കാലത്തു 1500 കൊടിയുടെ വിദേശ നിക്ഷേപം നേടി. സ്വകാര്യ മേഖലയിലെ വ്യവസായ പാർക്കുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ ഏക്കറിന് 30 ലക്ഷം വീതം നൽകും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി നൽകും. സംസ്ഥാനം ഏഷ്യയിൽ അഫോർഡബിൽ ടാലന്റ് സിസ്റ്റത്തിൽ ഒന്നാമതായി. ലോകത്തെ പ്രധാന സ്റ്റാർട്ടപ്പ് കേന്ദ്രമായി കേരളം മാറണമെന്നാണ് ആഗ്രഹം.

കേരളത്തിൽ എല്ലാം തികഞ്ഞിട്ടില്ല. ഇനിയും കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ട്. മികച്ച മാതൃകൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നോക്കാം. നല്ല കാര്യങ്ങൾ പിന്തുടരുന്നതിന് വിഷമമില്ല. ഇവിടെ സാധ്യമായത് ചെയ്യും. ആ കാര്യത്തിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണം.

Top