കേരളത്തിലെ ജനസംഖ്യയുടെ 60 ശതമാനവും വാക്‌സീന്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇതിനോടകം കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പിന്നീട് രോഗബാധയുണ്ടാവുന്നുണ്ട്. ഇതില്‍ ആശങ്കയുടെ ആവശ്യമില്ല. വാക്‌സീന്‍ എടുക്കാത്ത മുതിര്‍ന്ന പൗരന്‍മാരാണ് കൊവിഡ് വന്ന് മരണപ്പെട്ടവരിലേറെയുമെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് വാക്‌സീന്‍ വിതരണം മികച്ച രീതിയില്‍ തുടരുകയാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 75 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ചു. 2,15,72491 പേര്‍ക്ക് ആദ്യഡോസും 79,90,200 പേര്‍ക്ക് അഥവാ 27.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കിയിട്ടുണ്ട്. മൊത്തം ജനസംഖ്യയെടുത്താല്‍ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്‌സീന്‍ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്‌സീനേഷന്‍ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരമാവധി പേര്‍ക്ക് എത്രയും വേഗം വാക്‌സീന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്‌സീന്‍ നല്‍കി. ആഗസ്റ്റില്‍ മാത്രം 88 ലക്ഷം ഡോസ് വാക്‌സീന്‍ നല്‍കി. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ പ്രത്യേക യജ്ഞം തന്നെ നടത്തിയിരുന്നു. വാക്‌സീന്‍ വളരെ വേഗം കൊടുത്ത് തീര്‍ക്കുകയാണ് കേരളം ഇപ്പോള്‍ എന്നാല്‍ തീരുന്ന മുറയ്ക്ക് ഇപ്പോള്‍ കേരളത്തിലേക്ക് വാക്‌സീന്‍ എത്തുന്നുണ്ട്.

ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഭയപ്പെട്ടത് പോലെ വര്‍ധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ച പരിശോധിക്കുമ്പോള്‍ അഡ്മിറ്റ് ചെയ്തവരുടെ ശതമാനം കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാക്‌സിന്‍ വിതരണം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മാത്രമാണ് കൊവിഡ് പ്രതിരോധം കാര്യക്ഷമമാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോസിറ്റിവായവരിലും വാക്‌സിന്‍ എടുത്തവരിലും രോഗബാധയുണ്ടെങ്കിലും ഗുരുതരമാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ ചിലര്‍ താത്പര്യം കാണിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ എടുക്കാന്‍ ആരും വിമുഖത കാണിക്കേണ്ടതില്ല. വാക്‌സിന്‍ എടുത്തവരെ കൊവിഡ് ബാധിക്കുന്നതില്‍ ആശങ്ക വേണ്ട. പ്രായമായവരില്‍ വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം എടുക്കണം. അനുബന്ധ രോഗമുള്ളവരും വാക്‌സിനെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top