The chief minister Pinarayi would attend the ceremony with Vellappally ?

കൊല്ലം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതിയായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി എത്തുമോ ?

രാഷ്ട്രീയ കേന്ദ്രങ്ങളും ഉന്നത ഉദ്യോഗസ്ഥരും ശനിയാഴ്ച പുനലൂരില്‍ നടക്കുന്ന എസ്എന്‍ കോളേജിന്റെ അന്‍പതാം വാര്‍ഷിക സമ്മേളനത്തിലേക്കാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

നിശ്ചയിച്ചപ്രകാരം 20ന് കൊല്ലം ജില്ലയില്‍ നാല് പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. എസ്എന്‍ കോളേജിന്റെ അന്‍പതാം വാര്‍ഷിക സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എസ്എന്‍ഡിപിയുടെയും അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളിലും മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി മിടുക്കനായ മുഖ്യമന്ത്രിയായാണ് പിണറായിയെ വിശേഷിപ്പിച്ചത്.

മൈക്രോഫിനാന്‍സ് കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ വെള്ളാപ്പള്ളിക്കെതിരെ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

ഈയൊരു ഘട്ടത്തില്‍ വിജിലന്‍സിന്റെ ചുതല വഹിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രതിക്കൊപ്പം വേദി പങ്കിടുന്നത് അനുചിതമാണെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടിയായിരിക്കുമതെന്നുമാണ് ഉയര്‍ന്ന് വരുന്ന അഭിപ്രായം.

എസ്എന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളിയില്ലാതെ ചടങ്ങ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നാണ് സംഘാടകരും വ്യക്തമാക്കുന്നത്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിന് പിന്നാലെ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നിലവില്‍ നടക്കുന്നുണ്ട്.

പാര്‍ട്ടിയെ തകര്‍ത്ത് ബിജെപിക്ക് പാതയൊരുക്കുന്നതിനായി പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുമായി സഖ്യത്തിലായ വെള്ളാപ്പള്ളിയുമായി ഒരു കൂട്ടുകെട്ടും വേണ്ടെന്ന വികാരമാണ് എസ്എന്‍ ട്രസ്റ്റിന്റെ ആസ്ഥാനമായ കൊല്ലം ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉള്ളത്.

ആര്‍എസ്പി മുന്നണി വിട്ട് പോയിട്ടും വെള്ളാപ്പള്ളിയും എസ്എന്‍ഡിപി യോഗത്തിലെ അനുയായികളും ബിജെപിക്ക് കുട പിടിച്ചിട്ടും ചരിത്രത്തിലെ മികച്ച വിജയം കൊല്ലം ജില്ലയില്‍ പോലും നേടാന്‍ കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഈ പ്രതികരണം.

ചെത്തുകാരന്റെ മകനെന്ന് വിളിച്ചും മറ്റും പലവട്ടം പിണറായിയെ അപമാനിച്ച വെള്ളാപ്പള്ളി വിജിലന്‍സ് കുരുക്ക് മുറുക്കിയതോടെയാണ് ഇപ്പോള്‍ പിണറായി ഭക്തിയുമായി രംഗത്തിറങ്ങിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

നേരത്തെ കൊച്ചിയില്‍ ഡിവൈഎസ്പിമാരുടെ സംഘടനയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകനായ വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയായ ഡിവൈഎസ്പി അബ്ദുള്‍ റഷീദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു,

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഇന്റലിജന്‍സ് എഡിജിപിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

ഈയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പിണറായി പങ്കെടുക്കരുതെന്നാണ് സിപിഎം അണികള്‍ ആഗ്രഹിക്കുന്നത്. മറിച്ചാണെങ്കില്‍ ‘നിയമം നിയമത്തിന്റെ വഴിയേ അല്ല’ മറിച്ച് വെള്ളാപ്പള്ളിയുടെ വഴിയേയാണ് പോവുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനും സാധിക്കില്ല.

ഇക്കാര്യത്തില്‍ അന്തിമമായി പിണറായി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോള്‍ ആകാംക്ഷയുണര്‍ത്തുന്നത്.

Top