എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്‌റേറ്റ് എടുത്തവർ സർക്കാർ സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി

എറണാകുളം: എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലർ സർക്കാർ സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമൊരു ജീവിതം ആ മഹാൻ നയിക്കുമ്പോൾ ഓഫിസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പാലക്കാട്ട് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിന് സഹായം നൽകിയവർ ഉണ്ടെങ്കിൽ അവർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ.രാജൻ പ്രതികരിച്ചു.

‘അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യംതന്നെ സാക്ഷ്യപ്പെടുത്തിയെങ്കിലും ചിലർ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. ഒരാൾ വ്യാപകമായി അഴിമതി നടത്തുമ്പോൾ അതേ ഓഫിസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോ?. അഴിമതി നടത്തി എല്ലാക്കാലവും രക്ഷപ്പെടാനാകില്ല. അപചയം പൊതുവിൽ അപമാനകരമാണ്’- മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പൽ കോർപ്പറേഷൻ യൂണിയൻ അവസാന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎംസിയു ഇനി എൻജിഒ യൂണിയനിൽ ലയിക്കും. റവന്യു വകുപ്പിലെ അഴിമതി തടയാൻ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജൻ അങ്കമാലിയിൽ പറഞ്ഞു. അഴിമതിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ നൽകാൻ ടോൾഫ്രീ നമ്പർ അടുത്തമാസം പ്രവർത്തനം തുടങ്ങും. അഴിമതിക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ സർവീസ് ചടങ്ങളിൽ ഭേദഗതി ആവശ്യമാണ്. ഇതിന് സർക്കാരിന്റെ കൂട്ടായ ആലോചന ഉണ്ടാകണം. പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് നടത്തിയ അഴിമതിയെ തുടർന്ന് ഒരുസ്ഥലത്തും മൂന്നുവർഷത്തിൽ കൂടുതൽ സർവീസ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Top