ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായി; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും വിമര്‍ശനം. കേരളത്തിന്റെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയില്‍ നിന്നുണ്ടാകുന്നത്.

വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്. നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയില്‍ ഉണ്ടാക്കിയത്. കള്ളപ്പണം തടയാന്‍ വേണ്ടിയാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും പിന്നീട് വന്ന കണക്കുകളിലൂടെ കള്ളപ്പണം തടയാന്‍ ഇത് പര്യാപ്തമല്ലെന്ന് വ്യക്തമായി. ഇത്തരത്തില്‍ നോട്ട് നിരോധനം പരാജയപ്പെട്ടുവെന്നും അവയുടെ ദൂഷ്യഫലം അനുഭവിക്കേണ്ടിവന്നത് സാധാരണക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാറിന് എത്രവേണമെങ്കിലും കടമെടുക്കാം,അതിന് പരിധിയില്ല. പക്ഷേ സംസ്ഥാനങ്ങള്‍ക്ക് അതിന് പ്രത്യേക പരിധിയുണ്ടാക്കുന്നു. കിഫ്ബി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുകയാണ്. ഞങ്ങള്‍ക്ക് ആകാവുന്നത് നിങ്ങള്‍ക്ക് പറ്റില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top