ബിജെപിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതല്‍ ഏറ്റെടുത്തത് വിഡി സതീശനാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ നവ കേരള സദസ്സില്‍ പ്രതിപക്ഷത്തിനും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന് വലിയ പ്രയാസമാണെന്നും അത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം നാട്ടുകാര്‍ക്കും മനസിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവ കേരള സദസ്. സംസ്ഥാനത്തിന് തടസ്സം നില്‍ക്കുന്ന കേന്ദ്ര തടസങ്ങള്‍ മാറണം. അത് ജനങ്ങള്‍ക്ക് മുന്നില്‍ പറയണം. പക്ഷെ ബിജെപിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതല്‍ ഏറ്റെടുത്തത് വിഡി സതീശനാണ്. നാടിന്റെ താത്പര്യത്തിന് ഒപ്പമാകും വിഡി സതീശനെന്നാണ് കരുതിയത്. എന്നാല്‍ അതല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നേമത്താണ് കേരളത്തിന് നാണക്കേടുണ്ടാക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കൂട്ടുനിന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ മതനിരപേക്ഷതാ ബോധം ഉയര്‍ന്നപ്പോള്‍ ബിജെപിയെ പരാജയപ്പെടുത്തി. സംസ്ഥാനത്തെ പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയുടെ കണ്ണിലെ പ്രിയപ്പെട്ടവരാണ്. അവര്‍ പല അവസരവാദ കളികളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നാല് വോട്ടിന് വേട്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആരെയും വ്യക്തിപരമായി പറയുന്നില്ല. പക്ഷെ ബിജെപിയെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചത് ആരെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. കേന്ദ്രത്തിനെതിരെ അര നേരം ശബ്ദിക്കാന്‍ യുഡിഎഫ് എംപിമാര്‍ക്ക് കഴിഞ്ഞോ? എല്ലാവരും ബിജെപിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top