കുട്ടിയെ കണ്ടെത്താന്‍ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസുള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പൊലീസിനെയും, മാധ്യമങ്ങളെയും നാട്ടുകാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതാണ് വലിയ ആശ്വാസമായത്. സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരന്‍ ജോനാഥന് പ്രത്യേകം അഭിനന്ദനം മുഖ്യമന്ത്രി രേഖപ്പെടുത്തി.

രാജ്യത്തിനാകെ സന്തോഷം പകര്‍ന്ന ദിനമായിരുന്നു ഇന്നലെ. രണ്ട് ആശ്വാസ വാര്‍ത്തകളാണ് നമുക്ക് മുന്നിലുള്ളത്. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതാണ് ഒരു കാര്യം. 400 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരമായി ഇന്നലെ പൂര്‍ത്തിയായി. മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികള്‍ക്കും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതര്‍ക്കും അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ആറ് വയസ്സുകാരി അബിഗേല്‍ സാറക്കും കുടുംബത്തിനും കൗണ്‍സലിംഗ് നല്‍കും. പ്രാഥമികമായി കൗണ്‍സലിംഗ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും കൗണ്‍സലിംഗ് തുടരും. തട്ടിയെടുക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ ഈ പിഞ്ചുബാലിക മുക്തയായിട്ടില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അബിഗേല്‍ സാറാ റെജി.

Top