ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; മന്ത്രിമാരുടെ പ്രത്യേകയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു. മന്ത്രിസഭായോഗത്തിന് ശേഷമാകും പ്രത്യേക യോഗം ചേരുക. സെക്രട്ടേറിയറ്റുകളിൽ അടക്കം ഫയൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നടപടി.

ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുക ലക്ഷ്യമിട്ട് കഴിഞ്ഞമാസവും മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഫയൽ തീർപ്പാക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും, ഒരാളുടെ പക്കൽ എത്ര ദിവസം ഫയൽ കൈവശം വെക്കാമെന്നതിന് പരിധി നിശ്ചയിക്കാനും വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.

ഒരു ഫയൽ ഒട്ടേറെ പേർ കാണേണ്ടതുണ്ടോയെന്നും മുഖ്യമന്ത്രി ആരാഞ്ഞു. ഇത് ഫയൽ തീർപ്പാക്കുന്നതിൽ കാലവിളംബം വരുത്തുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിമാരുടെ ഓഫീസുകളിലും ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം.

ഓരോ ഫയലും ഓരോ ജീവിതമാണെന്നും, ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നുമാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിണറായി വിജയൻ നിർദേശം നൽകിയിരുന്നത്.

Top