ദിലീപിനെതിരെ കുറ്റപത്രം ഒരു മാസത്തിനകം തയ്യാറാക്കും

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ കുറ്റപത്രം ഒരു മാസത്തിനകം തയ്യാറാക്കുമെന്ന് പൊലീസ്.

മാത്രമല്ല, ദിലീപിനെതിരെ സാഹചര്യത്തെളിവുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഗൂഢാലോചന തെളിയിക്കാന്‍ ചോദ്യം ചെയ്യല്‍ തുടരും.

നിലവില്‍ കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകും. കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല.

കേസില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് പലസ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. തെളിവു നശിപ്പിക്കുന്നതിനടക്കം നിലവില്‍ കേസില്‍ 13 പ്രതികളാണുള്ളത്.

പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകളടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പും ദിലീപിനെതിരെയുണ്ട്.

ആദ്യ ഘട്ടത്തില്‍ പള്‍സര്‍ സുനി, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ് , ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ചാള്‍സ് ആന്റണി എന്നിവരായിരുന്നു പ്രതികള്‍.

അനുബന്ധ കുറ്റപത്രത്തില്‍ ജയിലില്‍ ഫോണുപയോഗിച്ച മേസ്തിരി സുനില്‍ , ഫോണ്‍ കടത്തിയ വിഷ്ണു, കത്തെഴുതി നല്‍കിയ വിപിന്‍ ലാല്‍, ദിലീപ് , തെളിവ് നശിപ്പിച്ച പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാകും പ്രതികള്‍.

Top