‘പുഷ്പ’യിലെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിനൊപ്പം ഫഹദ് ഫാസിലുമെത്തുമ്പോള്‍ സ്‌ക്രീനില്‍ അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന ബഹുഭാഷാചിത്രം പുഷ്പയില്‍ പ്രതിനായകന്റെ വേഷമാണ് ഫഹദിന്. എന്നാല്‍, താരത്തിന്റെ വില്ലന്‍ ലുക്ക് ഇതുവരെയും പുഷ്പ ടീം പുറത്തുവിട്ടിരുന്നില്ല. ഫഹദ് ഫാസിലിന്റെ ജന്മദിനമായ ഞായറാഴ്ച ‘പുഷ്പ’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മിഴികളിലൂടെ അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പ്രകടിപ്പിച്ച നടന്റെ തീക്ഷ്ണമായ ഒരു കണ്ണാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഒപ്പം, ‘തിന്മ ഇത്രയും അപകടകരമായിരുന്നില്ല’ എന്ന ക്യാപ്ഷനും.സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ഫഹദിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.

സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മിറോസ്ലാവ് കൂബ ബ്രോസെക് ആണ് ഛായാഗ്രാഹകന്‍. ദേവി ശ്രീ പ്രസാദ് സംഗീതവും കാര്‍ത്തിക ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നിവയുടെ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യും.

 

Top