ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം കഴിഞ്ഞ 10 കൊല്ലത്തെ ഭരണനേട്ടമാണ്;വോട്ടര്‍മാര്‍ക്ക് മോദിയുടെ തുറന്നകത്ത്

ഡല്‍ഹി: വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന മോദിയുടെ കത്തില്‍ ജനങ്ങളോട് നന്ദിയും പറയുന്നുണ്ട്. ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം കഴിഞ്ഞ 10 കൊല്ലത്തെ ഭരണനേട്ടമെന്നാണ് മോദി കത്തില്‍ പറയുന്നത്. സാസ്‌കാരിക പൈതൃകവും ആധുനികതയും മുറുകെ പിടിച്ചായിരുന്നു രാജ്യത്തിന്റെ സഞ്ചാരം. വികസിത ഭാരതത്തിനായി കൈകോര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മോദിയുടെ കത്ത്.

കേന്ദ്രത്തിന് കീഴിലെ ഓരോ പദ്ധതികളും എണ്ണിപ്പറഞ്ഞുകൊണ്ടുള്ള കത്തില്‍, വൈദ്യുതി, വെള്ളം, പാചകവാതകം തുടങ്ങിയവ എല്ലാവര്‍ക്കും ലഭ്യമാക്കിയെന്ന് പ്രധാനമന്ത്രി പറയുന്നു. ആയുഷ്മാന്‍ ഭാരതിലൂടെ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കി. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും സാമ്പത്തിക സഹായം നല്‍കി. ജിഎസ്ടി നടപ്പാക്കള്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് സംബന്ധിച്ച നിയമം തുടങ്ങി ചരിത്രപരവും സുപ്രധാനവുമായ നിരവധി തീരുമാനമെടുക്കാനായെന്നും മോദിയുടെ കത്തില്‍ പറയുന്നു.

140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും തനിക്ക് പ്രചോദനവും പ്രവര്‍ത്തന ശക്തിയുമായി. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അവരുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനമാണ് ഏറ്റവും വലിയ നേട്ടമെന്നും മോദി കത്തില്‍ അവകാശപ്പെടുന്നു.ജനങ്ങളുമായുള്ള തന്റെ ബന്ധം ഒരു ദശകം പിന്നിടുന്നതിന്റെ പടിവാതില്‍ക്കലാണെന്ന് പറയുന്ന കത്തില്‍, വികസന ഭാരതം കെട്ടിപ്പടുക്കുന്നതിന് ജനങ്ങളുടെ പിന്തുണയും നിര്‍ദേശങ്ങളും തേടുന്നുണ്ട്. പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.

Top