ചാമ്പ്യന്‍സ് ലീഗ്; ജയവുമായി പി.എസ്.ജി , ലിവര്‍പൂളിന് തോല്‍വി

പാരിസ്: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ ഹാട്രിക്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി പി.എസ്.ജി. സെര്‍ബിയന്‍ ചാമ്പ്യന്മാരായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. ഇതില്‍ നാലു ഗോളുകളും ആദ്യ പകുതിയിലായിരുന്നു.

81-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയാണ് നെയ്മര്‍ ഹാട്രിക്ക് തികച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ നെയ്മര്‍ നേടുന്ന രണ്ടാമത്തെ ഹാട്രിക്കാണിത്. 74-ാം മിനിറ്റില്‍ മാര്‍ക്കോ മരിനാണ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനോട് തോറ്റ പി.എസ്.ജിക്ക് ആശ്വാസമായി ഈ വിജയം.

ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന ബ്രസീലുകാരനെന്ന റെക്കോഡും നെയ്മര്‍ സ്വന്തമാക്കി. ഗ്രൂപ്പില്‍ രണ്ടു കളികളില്‍ നിന്ന് മൂന്നു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഫ്രഞ്ച് ചാമ്പ്യന്മാര്‍.

അതേസമയം ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ നാപ്പോളി പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നാപ്പോളി വിജയം നേടിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലൊറെന്‍സോ ഇന്‍സിഗ്‌നിയാണ് നാപ്പോളിയുടെ ഗോള്‍ നേടിയത്.

ഗ്രൂപ്പ് സിയില്‍ ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി നാപ്പോളി ഒന്നാമതെത്തി. തോല്‍വിയോടെ ലിവര്‍ പൂള്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

Top