മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണിയില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ ഭീഷണി ഇല്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 130 അടിയാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ശരാശരി ജലനിരപ്പ് 123.21 അടിയാണ്. അതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദം തെറ്റാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കവേ ആണ് കേന്ദ്ര ജലകമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

അതേസമയം അപേക്ഷ ഫയല്‍ ചെയ്ത റസ്സല്‍ ജോയിയുടെ അഭിഭാഷകന്‍ വിഷയം പരിഗണിക്കുന്നത് നാല് ആഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചു.

Top