അഞ്ചാംപനി വ്യാപനം പഠിക്കാൻ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും

ദില്ലി: മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് അഞ്ചാംപനി. അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങലേക്കാണ് കേന്ദ്ര സംഘത്തെ അയക്കുന്നത്. കേന്ദ്ര സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.

വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. പനിയാണ് അഞ്ചാംപനിയുടെ ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. പ്രാരംഭ ലക്ഷണങ്ങളിൽ പനി പലപ്പോഴും 40 °C (104 °F) വരെ എത്തും.

അത് കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്ന് തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.

Top