സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്‌സിനു ഈടാക്കാന്‍ സാധിക്കുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും സ്പുട്‌നിക് 5 വാക്‌സിന് 1145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക.

നികുതിയും ആശുപത്രികളുടെ 150 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ നിരക്ക്. 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജായി വാങ്ങാന്‍ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. വാക്‌സിന്‍ വില നിയന്ത്രിക്കുന്നതിനും രാജ്യത്ത് വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നാണ് വിവരം.

സ്വകാര്യ ആശുപത്രികളെ സംസ്ഥാനങ്ങള്‍ നിരന്തരം നിരീക്ഷിക്കണമെന്നും കൂടുതല്‍ പണം സര്‍വീസ് ചാര്‍ജായി വാങ്ങുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം അറിയിക്കുന്നുണ്ട്.

Top