ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്.  കൊവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഐ.സി.എം ആറിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.ഗര്‍ഭധാരണം വൈറസ് ബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കില്ല. നിലവിലെ വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്കും സുരക്ഷിതതമാണ്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കാം എന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. അതേസമയം ഗര്‍ഭിണികള്‍ക്ക് വാക്‌സിനെടുക്കേണ്ട സമയ പരിധിയെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നില്ല. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് വാക്‌സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്ന് നിര്‍ദേശമുണ്ട്.

Top