കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകര്‍ക്കാന്‍; എം എം മണി

ഇടുക്കി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളില്‍ ഇ ഡി അന്വേഷണത്തെ വിമര്‍ശിച്ച് എം എം മണി എം.എല്‍.എ. മനുഷ്യസഹജമായ പ്രശ്‌നങ്ങള്‍ ബാങ്കുകളില്‍ നടക്കും. അതിനെയെല്ലാം നല്ല ഭംഗിയായി നേരിടുക എന്നതാണ് സഹകാരികള്‍ ചെയ്യേണ്ടത്. ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇ ഡി ബാങ്കുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇ ഡി ലക്ഷക്കണക്കിന് കോടി ആസ്തിയുള്ള കേരളത്തിലെ സഹകരണ മേഖലയെ വിഴുങ്ങുവാന്‍ ശ്രമിക്കുകയാണ്. മനുഷ്യന്‍ ആകുമ്പോള്‍ ഏതു രംഗത്ത് പ്രവര്‍ത്തിച്ചാലും ചില വീഴ്ചകള്‍ വരാവുന്നതാണ്. അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണ്. എവിടെയെങ്കിലും ചില വീഴ്ചകള്‍ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങള്‍ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും എംഎം മണി പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് ഇന്നലെ ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിക്കെതിരെ വിമര്‍ശനവുമായി എംഎം മണി രംഗത്തെത്തിയത്.

Top