തക്കാളി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍; തക്കാളി സംഭരിക്കാന്‍ നിര്‍ദേശം

ഡല്‍ഹി: തക്കാളി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം അവസാനിപ്പിക്കാനുള്ള നടപടികളുമായി ബുധനാഴ്ചയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം രംഗത്തെത്തിയത്. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മന്ത്രാലയം.

 

ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളില്‍ നിന്ന് തക്കാളി സംഭവിച്ച് പ്രധാന വിപണന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍. സംഭരിക്കുന്ന തക്കാളി ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദശങ്ങളില്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുമെന്നും പറയുന്നു. വിതരണം ചെയ്യേണ്ട പ്രദേശങ്ങള്‍ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് കണ്ടെത്തും.

നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (NCCF) എന്നിവയെയാണ് തക്കാളി സംഭരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ വലിയ തോതില്‍ വിലക്കയറ്റമുണ്ടായ മേഖലകള്‍ തിരിച്ചറിഞ്ഞ് അവിടങ്ങളിലായിരിക്കും ഇങ്ങനെ സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇതിനായി ദേശീയ ശരാശരിക്ക് മുകളില്‍ വില വര്‍ദ്ധിച്ച സ്ഥലങ്ങള്‍ കണ്ടെത്തും.

Top