നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ‘സുപ്രീംകോടതി’യെ അറിയിച്ചു.

നിരോധിച്ച 1000ത്തിന്റെയും, 500 ന്റെയും നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

നിരോധിച്ച 500,1000 രൂപ നോട്ടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ച് നിക്ഷേപിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരവസരം കൂടി നല്‍കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോയെന്നും, നിരോധിച്ച തീരുമാനത്തിന് നിയമസാധുതയുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഹര്‍ജി ഭരണഘടനാ ബഞ്ചിന് കൈമാറിയത്.

Top