ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും രംഗത്ത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറാകുന്നില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ കുറ്റപ്പെടുത്തല്‍.

നിയമം നിഷ്‌കര്‍ഷിക്കുന്ന സംവിധാനങ്ങളില്ലാതെ ട്വിറ്ററിന്റെ പ്രവര്‍ത്തനം അനുവദിക്കില്ല. ഐ.ടി ഭേദഗതി നിയമം അനുസരിച്ചുള്ള ഉദ്യോഗസ്ഥ നിയമനം കബളിപ്പിക്കാനുള്ള ശ്രമമാണ്. നിയമിച്ചതായി ട്വിറ്റര്‍ അവകാശപ്പെട്ട ഉദ്യോഗസ്ഥരെല്ലാം രാജിവച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ട്വിറ്ററിനെതിരെ കേസെടുക്കാന്‍ കശ്മീര്‍ പൊലീസിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തി. കുട്ടികള്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന തരത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ കേസെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെയും പോളിസി മാനേജര്‍ക്കെതിരെയും കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top