തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കോടിയുടെ ഇലക്ടറല്‍ ബോണ്ടുകൾ അച്ചടിച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓഗസറ്റ് ഒന്നിനും ഒക്ടോബര്‍ 29 നും ഇടയിലാണ് പതിനായിരം ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചിരിക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് വിവരാവകാശ മറുപടി പ്രകാരമുള്ള കണക്കാണ് പുറത്തുവന്നത്.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഒക്‌ടോബര്‍ ഒന്ന് മുതല്‍ പത്ത് വരെ ഇലക്ടറല്‍ ബോണ്ടുകളുടെ ഏറ്റവും പുതിയ ശേഖരമാണ് വില്‍പ്പനയ്‌ക്കെത്തിയത്. 2019 ലാണ് സര്‍ക്കാര്‍ അവസാനമായി ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചത്. വിവിധ മൂല്യങ്ങളിലുള്ള 11,400 കോടി രൂപയുടെ ബോണ്ടുകളായിരുന്നു അന്ന് നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസില്‍ അച്ചടിച്ചത്. കനയ്യ കുമാറിന് ലഭിച്ച വിവരാകാശ മറുപടിയിലാണ് വിവരങ്ങള്‍ ഉള്ളത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അധികാരപ്പെടിത്തിയിരിക്കുന്ന ഏക ബാങ്ക് എസ്ബിഐയാണ്. കനയ്യക്ക് ലഭിച്ച മറുപടിയില്‍ 2022ല്‍ ഒരു കോടി രൂപയുടെ 10,000 ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചതായി പറയുന്നു. കനയ്യയുടെ മുമ്പത്തെ വിവരാവകാശ ചോദ്യത്തിന് മറുപടിയായി, ഓഗസ്റ്റ് ഒന്നിന് എസ്ബിഐ 2018 ലും 2019 ലും ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കിയിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് സര്‍ക്കാരാണോ അതോ ബോണ്ട് വാങ്ങിയ ആളോണോ വഹിക്കുന്നതെന്ന ചോദ്യത്തിന്, ബോണ്ടുകള്‍ക്കാവശ്യമായ സ്റ്റേഷണറികള്‍ സര്‍ക്കാരില്‍ നിന്ന് ഏറ്റെടുക്കുന്നു എന്നായിരുന്നു മറുപടി.

 

Top