മലയോര മേഖലയില്‍ പുതിയ പട്ടയത്തിന് അപേക്ഷ സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി

ഡല്‍ഹി: മലയോര മേഖലയില്‍ പുതിയ പട്ടയത്തിന് അപേക്ഷ സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ജോയന്റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിനും അനുമതിയായതായി സംസ്ഥാന വനംമന്ത്രി എ.കെ. ശശീന്ദ്രന്‍, റവന്യൂമന്ത്രി കെ. രാജന്‍ എന്നിവര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇരുമന്ത്രിമാരും കേന്ദ്രമന്ത്രിമാരായ ഭൂപേന്ദര്‍ യാദവ്, അശ്വിനി കുമാര്‍ ചൗബേ എന്നിവരെ കണ്ടതിനുശേഷം നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമായത്.

1977-ന് മുമ്പു കുടിയേറിയവര്‍ക്ക് 1993-ലെ ചട്ടപ്രകാരം പട്ടയം അനുവദിക്കാമെങ്കിലും പുതിയ പട്ടയ അപേക്ഷകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തിന് പ്രത്യേകമായി അനുവാദം നല്‍കിയതാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഫെബ്രുവരി പന്ത്രണ്ടിന് റവന്യൂ, വനം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ബെംഗളൂരുവിലെ ഇന്റഗ്രേറ്റഡ് റീജനല്‍ ഓഫീസറെയും ലാന്‍ഡ് റവന്യൂ കമ്മിഷണറെയും നോഡല്‍ ഓഫീസര്‍മാരായി സമിതി രൂപവത്കരിക്കുമെന്നും മന്ത്രിമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പരിവേഷ് പോര്‍ട്ടലില്‍ നേരത്തേ അപേക്ഷ നല്‍കിയതിനാല്‍ എസ്.എസ്.എല്‍.സി. ബുക്കിന്റെ പകര്‍പ്പ് വേണം എന്നുള്ളത് ഏതെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് എന്ന നിലയില്‍ മാറ്റി സമര്‍പ്പിക്കാനുമാകും. മലയോര മേഖലകളിലെ ഒരുലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി രാജന്‍ പറഞ്ഞു.

Top