ബിജെപിക്ക് കോടികള്‍ സ്വീകരിക്കാന്‍ ചട്ടം മറി കടന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ബിജെപിക്ക് കോടികളുടെ ഇലക്ട്രല്‍ ബോണ്ട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടം മറി കടന്ന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. 2018ല്‍ കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പാണ് നടപടിയുണ്ടായത്. ബോണ്ട് നല്‍കി 15 ദിവസത്തിനുള്ളില്‍ പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് ചെയ്യുകയായിരുന്നു. ബം?ഗളൂരുവില്‍ നിന്ന് 10 കോടിയുടെ ബോണ്ടാണ് ഇത്തരത്തില്‍ ബിജെപിക്ക് ലഭിച്ചത്.

പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇലക്ട്രല്‍ ബോണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്. ആകെ 16,518 കോടി രൂപയുടെ ബോണ്ടുകളില്‍ നിന്ന് 8,251.8 കോടി രൂപ പാര്‍ട്ടിക്ക് ലഭിച്ചു. ബിജെപി വിറ്റ എല്ലാ ബോണ്ടുകളുടെയും 50% മാത്രമാണ് വീണ്ടെടുത്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. 1,952 കോടി രൂപയുടെ ബോണ്ടുകള്‍ മാത്രമാണ് പാര്‍ട്ടി വീണ്ടെടുത്തിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 1,705 കോടിയാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ ലഭിച്ചിട്ടുള്ളത്.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് 2019ല്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് എസ്ബിഐക്ക് മാത്രമേ പാര്‍ട്ടി ഏതാണെന്ന് അറിയൂ എന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍, പുറത്തുവന്ന ഇലക്ട്രല്‍ ബോണ്ട് വിവരങ്ങളില്‍ നിന്നാണ് ആ പാര്‍ട്ടി ബിജെപിയാണെന്ന് വ്യക്തമായിരിക്കുന്നത്.

അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ധനമന്ത്രാലയമാണ് ചട്ടത്തില്‍ ഇളവ് നല്‍കിയത്. കാലാവധി കഴിഞ്ഞ ബോണ്ടുകളില്‍ പണം സ്വീകരിക്കാന്‍ ബിജെപി അംഗങ്ങള്‍ ബാങ്ക് സന്ദര്‍ശിച്ചു. ചട്ടം അതിന് അനുവദിക്കില്ലെന്ന് ബാങ്ക് അറിയിച്ചതിനു പിന്നാലെ 10 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ധനമന്ത്രാലയം നിര്‍ബന്ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

Top