താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ കേന്ദ്ര ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി

മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ കേന്ദ്ര ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. താനൂര്‍ പൊലീസ് കോര്‍ട്ടേഴ്‌സിലും, താനൂര്‍ പൊലീസ് സ്റ്റേഷനിലും, ചേളാരിയിലെ കെട്ടിടത്തിലും, ദേവധാര്‍ പാലത്തിലും പരിശോധന നടത്തി രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിച്ചു. സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഹൈദ്രബാദില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.

സിബിഐയുടെ ശാസ്ത്രീയ തെളിവുശേഖരണം കേസില്‍ നിര്‍ണായകമാണ്. താമിര്‍ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയില്‍ സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മന്‍സൂര്‍, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിബിഐയുടെ പരിശോധന. കെട്ടിട ഉടമ സൈനുദ്ദീനില്‍ നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി സിബിഐ മടങ്ങി.

വ്യാഴാഴ്ചയാണ് ഫോറന്‍സിക് സംഘം താനൂരില്‍ എത്തിയത്. താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സംഘം പരിശോധന നടത്തിയിരുന്നു. താമിര്‍ ജിഫ്രിക്ക് താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ക്രൂര മര്‍ദ്ദനമേറ്റന്നാണ് മൊഴി. ഈ സാഹചര്യത്തിലാണ് ക്വാര്‍ട്ടേഴ്‌സില്‍ ശാസ്ത്രീയ പരിശോധന നടത്തിയത്.

Top