മമതയുടെ തട്ടകത്തിൽ കയറി മന്ത്രിയെ അറസ്റ്റ് ചെയ്ത് കേന്ദ്ര ഏജൻസി !

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തു. മന്ത്രിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ താമസസ്ഥലത്ത് നിന്നും ഇഡി 20 കോടിയോളം രൂപ കണ്ടെടുത്തതിനു പിന്നാലെയാണ് പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്‌തത്. തുടർച്ചയായി 23 മണിക്കൂറിലേറെ മന്ത്രിയുടെ വസതിയിൽ ചോദ്യം ചെയ്‌തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോൾ വ്യവസായവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് പാർഥ ചാറ്റർജി. അദ്ദേഹത്തിന്റെയും വിദ്യാഭ്യാസസഹമന്ത്രി പരേഷ് അധികാരിയുടെയും വീടുകളടക്കം 13 സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച ഇഡി മിന്നൽ പരിശോധന നടത്തിയത്.

സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെടുത്തതെന്നാണു കരുതുന്നതെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. അധ്യാപകനിയമന അഴിമതിക്കേസിൽ പണം കൈമാറിയത് അന്വേഷിക്കാനായിരുന്നു പരിശോധന. നേരത്തേ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ ആരോപണങ്ങളെ തുടർന്നു വ്യവസായ വകുപ്പിലേക്കു മാറ്റിയിരുന്നു. എന്നാൽ ഇതിനിടെ രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കുന്നതിന്റെ ഭാഗമായുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡി റെയ്ഡെന്നു തൃണമൂൽ ആരോപിച്ചു.

Top