ഇസ്രായേലില്‍ വീസാ കാലാവധിതീര്‍ന്ന നഴ്‌സുമാരെ തിരികെ എത്തിക്കാന്‍ കേന്ദ്രത്തിന്റെ സഹായംതേടും

തിരുവനന്തപുരം: ഇസ്രായേലില്‍ വീസ കാലാവധി കഴിഞ്ഞ നഴ്‌സുമാരെ തിരിച്ച് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരിച്ചത്.

ഗര്‍ഭിണികള്‍ അടക്കമുള്ള 82 പേരാണ് ഇസ്രായേലില്‍ വീസ കലാവധി തീര്‍ന്നതോടെ മൂന്നു മാസമായി ഇവിടെ കുടുങ്ങികിടക്കുന്നത്.
കെയര്‍ സര്‍വീസ് വീസയില്‍ നഴ്‌സിംഗ് ജോലിക്കായി ഇസ്രായേലിലേക്ക് എത്തിയ മലയാളികളാണ് ദുരിതത്തിലായത്. അഞ്ചു വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന നഴ്‌സുമാരുടെ വീസ കാലാവധി മാര്‍ച്ചില്‍ തീര്‍ന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍.

വീസ കഴിഞ്ഞതിനാല്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ ഭക്ഷണം, വാടക, ആരോഗ്യ ഇന്‍ഷുറസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല. ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിപ്പോയവരെ കണ്ടെത്തി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേത്യത്വത്തില്‍ കേന്ദ്രസര്‍ക്കാരിന് പട്ടിക കൈമാറിയെങ്കിലും വിമാനം ഏര്‍പ്പാടാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Top