ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ താമസിക്കുന്ന ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി. എന്നാല്‍ സംസ്ഥാനത്തെ പട്ടിക വിഭാഗത്തില്‍ പെട്ടയാളുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് ലഭിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

1964 മുതല്‍ അരുണാചല്‍ പ്രദേശില്‍ താമസിച്ച് വരുന്ന ചമ്കകളെയും ഹജോംഗുകളെയും പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും എന്നാല്‍ നിലവില്‍ അതിന് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിലെ ഈസ്റ്റ് ചിറ്റഗോംഗില്‍ കഴിഞ്ഞിരുന്ന ജനവിഭാഗമാണ് ചമ്കകളും, ഹജോംഗുകളും. 1960കളില്‍ നടന്ന അണക്കെട്ട് അപകടത്തെ തുടര്‍ന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് കുടിയേറിയത്. ചമ്കകളില്‍ ഭൂരിഭാഗവും ബുദ്ധമതക്കാരും ഹജോംഗുകള്‍ ഹിന്ദുമത വിശ്വാസികളുമാണ്.

അക്കാലത്ത് കിഴക്കന്‍ പാകിസ്ഥാനെന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശില്‍ ഇവര്‍ വംശീയപരമായ അതിക്രമവും നേരിട്ടിരുന്നു. ഈ വിഭാഗത്തില്‍ പെട്ട ഏതാണ്ട് ഒരുലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.

നേരത്തെ, ഈ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയാല്‍ ഇത് സംസ്ഥാനത്ത് താമസിക്കുന്ന പരമ്പരാഗത ഗോത്രവിഭാഗങ്ങളുടെ അവസരങ്ങളെ ബാധിക്കുമെന്ന് അരുണാചല്‍ പ്രദേശ് എതിര്‍പ്പുന്നയിച്ചിരുന്നു.

എന്നാല്‍, പൗരത്വ വിഷയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതിനാല്‍ ഇതിന് സംസ്ഥാനങ്ങുടെ സമ്മതം അവശ്യമില്ലെന്നാണ് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാധാരണ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top