കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്രം യുഎഇയുടെ അനുമതി തേടി

ന്യൂഡല്‍ഹി നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യുഎഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

കേസിന്റെ ഇതുവരെയുള്ള കാര്യങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി മുരളീധരന്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ ധനമന്ത്രിയെ ധരിപ്പിക്കുകയാണു ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്ത് കേസ് വളരെ കര്‍ശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച നടന്നത്.

നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്‍മാരെയും ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. സ്വര്‍ണക്കടത്ത് യുഎഇയും അന്വേഷിക്കുന്നുണ്ട്.

നിലവില്‍ കേസില്‍ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായാല്‍ മറ്റൊരു ഏജന്‍സിക്ക് കേസ് കൈമാറാം.ക്രിമിനല്‍ കേസായി രൂപാന്തരപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യത തെളിയും. സ്വര്‍ണ്ണം വന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്‍ഐഎ അന്വേഷണമുണ്ടാകും.

Top